ബംഗളൂരു: വിവിധ സംസ്ഥാനങ്ങൾ പാസാക്കിയ മതപരിവർത്തന നിരോധന നിയമങ്ങൾ പിൻവലിക്കണമെന്ന് ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ). ബംഗളൂരു സെന്റ് ജോൺസ് നാഷണൽ അക്കാഡമി ഓഫ് ഹെൽത്ത് സയൻസസിൻ ഇന്നലെ സമാപിച്ച 37-ാമത് ജനറൽ ബോഡി സമ്മേളനമാണ് ഈ ആവശ്യം ഉന്നയിച്ചത്.
നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന അടിസ്ഥാനരഹിത ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ നിരപരാധികളായ നിരവധി വ്യക്തികൾ തടവിലാക്കപ്പെടുന്നു. മതസ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കുള്ള അവകാശത്തിനും വിരുദ്ധമായ നിയമങ്ങൾ റദ്ദാക്കണം. ഭരണഘടനയുടെ ആർട്ടിക്കിൾ 25 എല്ലാ വ്യക്തികൾക്കും സ്വതന്ത്രമായി മതം ഉദ്ഘോഷിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം ഉറപ്പുനൽകുന്നു.
ന്യൂനപക്ഷാവകാശങ്ങൾ നിഷേധിക്കുന്നതിൽ ആശങ്കയുണ്ട്. അത്തരം പ്രവൃത്തികൾ നമ്മുടെ സമൂഹത്തിന്റെ ജനാധിപത്യഘടനയെ ദുർബലപ്പെടുത്തുന്നതാണ്. ഒരു പൗരനും സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും മൗലികാവകാശങ്ങൾ നിഷേധിക്കപ്പെടുന്നില്ലെന്ന് സർക്കാർ ഉറപ്പുവരുത്തണം. സമത്വത്തിനും നീതിക്കും വേണ്ടിയുള്ള നിരവധി അഭ്യർഥനകൾ ഉണ്ടായിരുന്നിട്ടും ദളിത് ക്രൈസ്തവരുടെ അവകാശങ്ങൾ നിഷേധിക്കുന്നത് പതിറ്റാണ്ടുകളായി ഒരു പരോക്ഷ വിവേചനമായി തുടരുന്നു. ദളിത് ക്രൈസ്തവർക്കും തുല്യനീതി ഉറപ്പാക്കാൻ സർക്കാർ തയാറാകണം. -സിബിസിഐ ആവശ്യപ്പെട്ടു.
ഭരണഘടനാ മൂല്യങ്ങൾ കാത്തുസൂക്ഷിക്കാനും അഭിമാനബോധമുള്ള ഉത്തമപൗരന്മാരായി രാജ്യത്തിനുവേണ്ടി പ്രവർത്തിക്കാനും സഭാംഗങ്ങളോട് സിബിസിഐ ആഹ്വാനം ചെയ്തു. നമ്മുടെ സമ്പന്നമായ ആത്മീയ പൈതൃകത്തിൽനിന്ന് ശക്തിയാർജിച്ച് നമ്മുടെ ക്രിസ്തീയ സ്വത്വത്തിൽ കൂടുതൽ ഉറച്ചുനിൽക്കാൻ നമുക്കു കഴിയണം. നമ്മുടെ വിശ്വാസം ചോദ്യം ചെയ്യപ്പെടുമ്പോഴും നമ്മുടെ ക്രിസ്തീയ ജീവിതരീതി ആക്രമിക്കപ്പെടുന്പോഴുമെല്ലാം ക്രിസ്തുവുമായുള്ള നമ്മുടെ ബന്ധം കൂടുതൽ ആഴത്തിലാക്കാനാകണം. യഥാർഥ ക്രിസ്തീയജീവിതം ഉത്തമ പൗരന്മാരാകാൻ പ്രചോദിപ്പിക്കുന്നു. സത്യം, കാരുണ്യം, ധാർമികത എന്നിവയാൽ നയിക്കപ്പെടുന്ന രാഷ്ട്രനിർമാണത്തിൽ എല്ലാ വിശ്വാസികളും സജീവമായി പങ്കെടുക്കണം. സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും കൂടുതൽ അവഗണിക്കപ്പെടുന്ന സമയത്തും എല്ലാ പൗരന്മാർക്കും നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ഉറപ്പാക്കുന്ന ഭരണഘടനയിലാണു നമ്മുടെ വിശ്വാസം.
തൊഴിലില്ലായ്മ, കുടിയേറ്റം, സാമൂഹ്യസമ്മർദം തുടങ്ങിയവയാൽ അനിശ്ചിതത്വം നേരിടുന്ന യുവജനങ്ങളിൽ പ്രത്യേകം ശ്രദ്ധ ചെലുത്തുമെന്ന് സിബിസിഐ വ്യക്തമാക്കി. യുവജനങ്ങൾക്ക് അവസരങ്ങൾക്ക് ഒരുക്കുകയും അവരെ ധാർമിക ദിശയിലേക്ക് നയിക്കുകയും ഉത്തരവാദിത്വമുള്ള പൗരന്മാരായി വളർത്തുകയും ചെയ്യും. ഉത്തമപൗരന്മാരെ രൂപപ്പെടുത്തുകയാണ് സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലക്ഷ്യം. ഈ ലക്ഷ്യം കൂടുതൽ ശക്തിയോടെ മുന്നോട്ടു കൊണ്ടുപോകും. സമൂഹത്തിലെ ദുർബലവിഭാഗങ്ങളെ കൂടുതൽ ചേർത്തുപിടിക്കും. ധ്രുവീകരണത്തിന്റെയും അവിശ്വാസത്തിന്റെയും പശ്ചാത്തലത്തിൽ സംഭാഷണം, അനുരഞ്ജനം, സാഹോദര്യം എന്നിവ വളർത്തിയെടുക്കാനുള്ള സഭയുടെ ആഹ്വാനം ആവർത്തിക്കുന്നു.
മനുഷ്യന്റെ അന്തസും അവകാശങ്ങളും നിഷേധിക്കപ്പെടുമ്പോഴെല്ലാം ക്ഷമയുടെ മാർഗം തേടാൻ ക്രിസ്തീയ വിശ്വാസം നമ്മെ പ്രചോദിപ്പിച്ചിട്ടുണ്ട്.
അനീതിയോ അവഗണനയോ നേരിടുന്ന എല്ലാവരുമായും ഐക്യദാർഢ്യം പുലർത്തുകയും സമാധാനത്തിനും സാമൂഹിക ഐക്യത്തിനും മനുഷ്യമഹത്വത്തിന്റെ സംരക്ഷണത്തിനുംവേണ്ടി ഒരുമിച്ചു പ്രവർത്തിക്കുകയും ചെയ്യുന്ന സുസ്ഥിരമായ അന്തർ-മത സംഭാഷണവും സിവിൽ-സമൂഹ ഇടപെടലും തങ്ങൾ ഏറ്റെടുക്കുന്നുവെന്നും സിബിസിഐ വ്യക്തമാക്കി.